ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, പ്രഖ്യാപനം നടത്തി ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷമാണ് ജോസ് കെ മാണി ചാഴികാടന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വികസന കാര്യങ്ങളിൽ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹോദരനായ തോമസ് ചാഴിക്കാടനെ കെ എം മാണിയാണ് രാഷ്ട്രീയത്തിലിറക്കിയത്. 1991,1996,2001,2006 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭാഗമായിരുന്നു തോമസ് ചാഴിക്കാടന്‍. 2011ലും 2016 ലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി വരിച്ചു. 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കോട്ടയം പാര്‍ലമെന്‍റില്‍ സ്ഥാനാര്‍ഥിയായി. സിപിഐഎമ്മിലെ വി.എന്‍.വാസവനെ 1,06,259 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി,വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ് തോമസ് ചാഴിക്കാടന്‍. ഇത്തവണ കൂടി സ്ഥാനാര്‍ഥിയായതോടെ രാഷ്ട്രീയ ജീവിതത്തിലെ 8-ാം പൊതുതെരഞ്ഞെടുപ്പിനാണ് ചാഴിക്കാടന്‍ ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *