തൃശ്ശൂരിൽ ​ഗവർണർക്കെതിരെ പ്രതിഷേധം; 25 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

തൃശ്ശൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്തുകാവിൽ ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡിൽ വെച്ച് എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള 25 എസ്.എഫ്.ഐക്കാരെയാണ് പോലീസ് പിടികൂടിയത്. ഗവർണറുടെ വാഹനവ്യൂഹത്തിനടുത്തെത്തിയായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം. 

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് ടൗൺഹാൾ പരിസരത്ത് നിന്ന് അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയിരുന്നു. സി ആർ പി എഫ് സുരക്ഷ ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ഗവർണർ ഇന്നലെ ജില്ലയിൽ എത്തിയത്. ഇന്ന് പേരകം വിദ്യാനികേതൻ സ്കൂൾ വാർഷികത്തിലും നാളെ വാടാനപ്പള്ളി എങ്ങണ്ടിയൂരിൽ ചരിത്രകാരൻ വേലായുധൻ പണിക്കശേരിയുടെ നവതിയാഘോഷം ഉദ്ഘാടനച്ചടങ്ങിലും ​ഗവർണർ പ​ങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *