അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് നോട്ടീസ്. ആറാം തവണയാണ് കെജ്രിവാളിന് ഇ.ഡി നോട്ടീസ് ലഭിക്കുന്നത്. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുൻപ് അഞ്ച് തവണ നോട്ടീസ് ലഭിച്ചിട്ടും അരവിന്ദ് കെജ്രിവാൾ ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല. ഇതിനെതിരെ ഇ.ഡി കോടതിയെ സമീപിച്ചിരുന്നു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും പറഞ്ഞ് ഹാജരാകാനാകില്ലെന്ന് കെജ്രിവാള് വ്യക്തമാക്കി. അതേസമയം ഇനിയും ഹാജരായില്ലെങ്കിൽ നടപടി കൂടുതൽ ശക്തമാക്കാനാണ് ഇഡിയുടെ തീരുമാനം.