വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ടുകിട്ടാൻ ബി ജെ പി ഹീനമായ തന്ത്രം പ്രയോഗിക്കുകയാണ് വി ഡി സതീശൻ

വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ടുകിട്ടുന്നതിനായി ബി ജെ പി ഹീനമായ തന്ത്രം പ്രയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിസ്ത്യൻ പള്ളികൾ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ അവകാശവാദം ഹീനമാ​ണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പള്ളികൾ തേടി അവ പൊളിച്ച് മറ്റൊരു ചരിത്രമുണ്ടെന്ന് അവകാശപ്പെടുകയാണ് ബി ജെ പി. ഇത് കേരളത്തിലും തുടങ്ങിയിട്ടുണ്ട്. തൃശൂരിൽ ക്രിസ്ത്യൻ പള്ളികൾ പഴയ അമ്പലങ്ങളായിരുന്നു എന്നവകാശപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഇതെല്ലാം ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരമായ, ഹീനമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മതേതര രാജ്യത്തെ മതരാജ്യമാക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. ഇത്രയും വലിയ മതേതരത്വമുള്ള രാജ്യത്തെ തകർത്ത് മതാധിഷ്ടിത രാജ്യമാക്കാൻ ഒരു പ്രധാനമന്ത്രി ശ്രമിക്കുന്നു എന്നു പറഞ്ഞാൽ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്നും അദ്ദഹം ചോദിച്ചു. മാധ്യമങ്ങളൊക്കെ വളരെ ശ്രദ്ധയോടെ ജനമനസ്സുകളിൽ എത്തിക്കേണ്ട കാര്യമാണിത്. ലോകം മുഴുവൻ അമ്പലമുണ്ടാക്കാൻ നടക്കുകയാണ് മോദിയെന്നു പറഞ്ഞ കെ സുധാകരൻ പ്രധാനമന്ത്രി ഏത് മതേതരത്വത്തിന്റെ കാവൽഭടനാണെന്നും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *