ഗതാഗത വകുപ്പ് മന്ത്രിയുമായി പ്രശ്നങ്ങളില്ല, ഒഴിവാക്കണമെന്ന് താൻ നേരത്തെ ആവശ്യപ്പെട്ടത്; കെഎസ്ആർടിസിയിലെ പദവികൾ ഒഴിഞ്ഞ് ബിജുപ്രഭാകർ

ബിജു പ്രഭാകര്‍ ഐ.എ.എസ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. മൂന്ന് വര്‍ഷവും എട്ട് മാസവും നീണ്ട സേവനത്തിന് ശേഷം കെഎസ്ആര്‍ടിസി സിഎംഡി പദവിയില്‍ നിന്നും, രണ്ടര വര്‍ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ നിന്നുമാണ് ബിജു പ്രഭാകര്‍ ചുമതല ഒഴിഞ്ഞത്.

തന്റെ ഔദ്യോഗിക ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും തന്നെ സ്റ്റേഹിക്കുകയും സപ്പോര്‍ട്ടു ചെയ്യുകയും ചെയ്തത് കെഎസ്ആര്‍ടിസിയും കെഎസ്ആര്‍ടിസി ജീവനക്കാരുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ നിന്നും ഇപ്പോഴുള്ള വിട വാങ്ങല്‍ അപ്രതീക്ഷിതമല്ല. ജോലി ഭാരം താങ്ങാവുന്നതിനും അപ്പുറം ആയതു കാരണം ഒഴിവാക്കണമെന്നുള്ളത് വളരെ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. മറ്റുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ബി ഗണേഷ് കുമാറിനെ സന്ദര്‍ശിച്ച് കെഎസ്ആര്‍ടിസിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പിന്തുണയും ആശംസകളും ബിജു പ്രഭാകര്‍ അറിയിച്ചു. ഗതാഗത വകുപ്പിനും, കെഎസ്ആര്‍ടിസിക്കും വേണ്ടി കഴിഞ്ഞ കാലയളവില്‍ ബിജു പ്രഭാകര്‍ നല്‍കിയ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി ഗണേഷ് കുമാര്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *