രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാട് കോലിയും അനുഷ്ക ശർമയും

ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. ‘അകായ്’ എന്നാണ് ആണ്‍കുട്ടിക്ക് ഇരുവരും പേര് നല്‍കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും ആശംസകള്‍ തേടിയ വിരാടും അനുഷ്‌കയും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണം എന്ന് ആരാധകരോട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വാമിക എന്നാണ് ‘വിരുഷ്‌ക’യുടെ ആദ്യ മകളുടെ പേര്.

രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാടും അനുഷ്‌കയും ലണ്ടനിലാണുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ വിരാടിന്‍റെ സഹതാരവും അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സാണ് ഇക്കാര്യം ആദ്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. എന്നാല്‍ തനിക്ക് തെറ്റുപറ്റിയെന്നും ഇത്തരമൊരു കാര്യമില്ലെന്നും എബിഡി പിന്നാലെ തിരുത്തി. വിരാടിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിച്ചാണ് ഡിവില്ലിയേഴ്സ് അന്ന് വാര്‍ത്ത തിരുത്തിയത് എന്നാണ് അനുമാനം. 

Leave a Reply

Your email address will not be published. Required fields are marked *