രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്ര; പരിഹാസവുമായി അസം മുഖ്യമന്ത്രി

ഭാരത് ജോഡോ ന്യായ് യാത്രയെന്ന പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്രയാണെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രം​ഗത്ത്. വിജയ് സങ്കൽപ്പ് യാത്രയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഹിമന്ത ബിശ്വ ശർമ്മ രാഹുൽ ഗാന്ധിയെ വിമർശിച്ചത്. ന്യായ് യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് തകരുകയാണ്. ഇപ്പോൾ യാത്ര യു‌ പിയിലാണ് ഉള്ളത്. അവിടെ അഖിലേഷ് യാദവും കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് രാഹുൽ ചോദിക്കുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ് ഷോ നടത്തുന്നത് മോദി നിർമിച്ച ദേശീയപാതയിലാണ്. നുണയെന്ന വാക്കല്ലാതെ രാഹുൽ ഗാന്ധി ഇതുവരെ ഒന്നും പഠിച്ചിട്ടില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ തുറന്നടിച്ചു. ആദ്യത്തെ തവണ രാഹുൽ വിനോദസഞ്ചാരയാത്ര പോയപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തോറ്റതെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തവണത്തെ യാത്ര കഴിയുമ്പോൾ രാജ്യം മുഴുവൻ കോൺഗ്രസിന് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രക്കിടെ നിരവധി തവണ രാഹുൽ ഗാന്ധിയെ ഹിമന്ത ബിശ്വ ശർമ്മ വിമർ​ശിച്ചിരുന്നു. കൂടാതെ അസമിൽവെച്ച് ജോഡോ യാത്രക്ക് നേരെ ബി.ജെ.പിയുടെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *