ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനം, കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും

ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകസംഘടനകള്‍. യുവകര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. കര്‍ഷകര്‍ നിലവില്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. നാളെ ശംഭുവിലെ നേതാക്കള്‍ ഉള്‍പ്പെടെ ഖനൗരി അതിര്‍ത്തി സന്ദര്‍ശിക്കും. അതിന് ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂ.ഖനൗരി അതിര്‍ത്തിയില്‍ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ 21 കാരനായ ശുഭ്കരണ്‍ സിങ് എന്ന യുവ കര്‍ഷകനാണ് മരിച്ചത്.

കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് ശുഭ്കരന്‍ സിംഗ് മരിച്ചതെന്നാണു കര്‍ഷകര്‍ പറയുന്നത്. ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു.സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു യന്ത്രങ്ങള്‍ നല്‍കരുതെന്നു നാട്ടുകാരോടു ഹരിയാന പൊലീസ് നിര്‍ദേശിച്ചു. കര്‍ഷകര്‍ക്ക് ട്രാക്ടര്‍, ക്രെയിന്‍, മണ്ണുമാന്തി യന്ത്രം എന്നിവ നല്‍കരുതെന്നാണു പൊലീസ് നിര്‍ദേശം. പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമരസ്ഥലത്തുനിന്നും മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മണ്ണുമാന്ത്രി യന്ത്രങ്ങളെത്തിച്ച അജ്ഞാതരായ ഡ്രൈവര്‍മാര്‍ക്കെതിരെ അംബാല പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരായ കര്‍ഷകരെ പൊലീസ് നേരിട്ടത്. 1,200 ട്രാക്ടര്‍-ട്രോളികളും മറ്റു വാഹനങ്ങളുമായി പതിനായിരത്തിലധികം കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ ഒത്തുകൂടിയത്. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവിലും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കര്‍ഷകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവില്‍ വന്‍ പൊലീസ് സന്നാഹമാണു തമ്പടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *