ചാലിയാറിൽ 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം എടവണ്ണപ്പാറയില്‍ ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കരാട്ടെ അധ്യാപകന്‍ സിദ്ദിഖലിയെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ചയാണ് വീടിന് 100 മീറ്റര്‍ മാത്രം അകലെ ചാലിയാറില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കുട്ടിയുടെ മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. പുഴയില്‍ ചാടി മരിച്ചതുപോലെയോ, മുങ്ങി മരിച്ച നിലയിലോ ആയിരുന്നില്ല മൃതദേഹം കണ്ടെത്തിയിരുന്നതെന്നും വീട്ടില്‍ നിന്നും പോകുമ്പോള്‍ ധരിച്ച മേല്‍ വസ്ത്രവും ഷാളും ഇല്ലായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

ഇതിന് പുറമേ പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസമാണ് ചോദ്യം ചെയ്യാനായി സിദ്ദിഖലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പീഡനവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ കുടുംബം പരാതി നല്‍കാനിരിക്കെയാണ് കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്‍പ് അധ്യാപകനെതിരെ കുട്ടി സിഡബ്ല്യൂസിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അധ്യാപകനെതിരെ വീണ്ടും പരാതി നല്‍കാന്‍ കുടുംബം തീരുമാനിച്ചിരിക്കെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അധ്യാപകന്‍ മറ്റു വിദ്യാര്‍ഥിനികളെയും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ അധ്യാപകന്റെ കീഴില്‍ 2020 മുതലാണ് പെണ്‍കുട്ടി കരാട്ടെ പരിശീലിച്ചിരുന്നത്. നേരത്തെയും ഇയാളെ പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *