കോഴിക്കോട് കൊയിലാണ്ടിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകം; വ്യക്തി വൈരാഗ്യം മൂലമെന്ന് പ്രതി അഭിലാഷിന്റെ മൊഴി, കൃത്യം നടത്തിയത് ഒറ്റയ്ക്ക്

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പൊതി മൊഴി നല്‍കി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ പ്രതി സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ സത്യന്‍റെ ഡ്രൈവറായിരുന്നു.

കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തി. പാർട്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പോലീസ് കണ്ടെത്തട്ടെ എന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും മോഹനൻ പറഞ്ഞു. എന്നാല്‍, കൊലപാതകത്തിന് കാരണം വ്യക്തി വിരോധം എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് പറഞ്ഞു.

അതേസമയം സത്യനാഥന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടിയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *