സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അങ്ങേയറ്റം ദുഃഖഭരിതമായ നിമിഷമാണിതെന്നും കൊയിലാണ്ടി പ്രദേശത്തെ പാര്‍ട്ടിയുടെ ധീരവും ജനകീയവുമായ മുഖമായിരുന്നു സത്യനാഥനെന്നും ഗോവിന്ദന് പറഞ്ഞു. അതേസമയം പി വി സത്യനാഥന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം ഉറപ്പാക്കണമെന്നും സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രസ്താവനയുടെ പൂർണരൂപം
‘ഒരു സഖാവിന്റെ ജീവൻ കൂടി നഷ്ടമായ അങ്ങേയറ്റം ദു:ഖഭരിതമായ നിമിഷമാണിത്. കൊയിലാണ്ടി പ്രദേശത്തെ പാർടിയുടെ ധീരവും ജനകീയവുമായ മുഖമായിരുന്നു പ്രിയ സഖാവ് സത്യനാഥൻ. സിപിഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ നാടിന്റെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്ന സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്. പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോത്സവത്തിനിടെ ക്ഷേത്രമുറ്റത്ത് വെച്ചാണ് സ. സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്. അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. സമഗ്രമായ അന്വേഷണത്തിലൂടെ ഈ കൊലപാതകത്തിൽ പങ്കുള്ള മുഴുവൻ ആളുകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.’