ആറ്റുകാൽ അമ്മയുടെ അനുഗ്രഹം വാങ്ങി ഭക്തർ വീടുകളിലേക്ക്; 2024ലെ  പൊങ്കാല ചടങ്ങുകൾക്ക് പരിസമാപ്തി

ആറ്റുകാൽ അമ്മയുടെ അനുഗ്രഹം വാങ്ങി പൊങ്കാല നിവേദ്യപുണ്യവുമായി ഭക്തർ വീടുകളിലേക്ക്. ഉച്ചയ്‌ക്ക് 2.30നായിരുന്നു പണ്ടാര അടുപ്പിൽ നിവേദിച്ചത്. ഇതോടെയായിരുന്നു അനന്തപുരിയെ യാഗശാലയാക്കിയ ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തികുറിച്ചത്. ഈ സമയം വായുസേനയുടെ ഹെലികോപ്ടർ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി.

അടുത്തവർഷത്തെ പെങ്കാലയ്ക്ക് എത്താമെന്ന് ആറ്റുകാലമ്മയ്ക്ക് വാക്കുനൽകിയാണ് ഭക്തർ മടങ്ങുന്നത്. മടങ്ങിപ്പോകുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ്. കെ എസ് ആർ ടി സിയും റെയിൽവേയും ഒരുക്കിയിരിക്കുന്നത്. മറ്റുജില്ലകളിലേക്ക് ഉൾപ്പടെ 500 ബസുകളാണ് കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്.

ഇന്നു രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് അഗ്നിപകര്‍ന്ന് പൊങ്കാല ആരംഭിച്ചത്. പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നപ്പോൾ അനന്തപുരി യാഗഭൂമിയായി മാറി. വെള്ളപ്പൊങ്കൽ,​ കടുംപായസം,​ തെരളി,​ മണ്ടപ്പുറ്റ് തുടങ്ങി അമ്മയുടെ ഇഷ്ടവിഭവങ്ങൾ ഒന്നൊന്നായി അവ‌ർ ഒരുക്കി. ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും മത്സരിക്കുകയായിരുന്നു. എല്ലാം മംഗളമാക്കാൻ പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയുമൊക്കെ സർവസജ്ജമായി പൊങ്കാലയിലുടനീളം ഉണ്ടായിരുന്നു.

ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ നാൾതൊട്ട് വ്രതമനുഷ്ഠിച്ച് ശുദ്ധിനേടിയ ശരീരവും മനസുമായാണ് ഏവരും എത്തിയത്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളുമൊക്കെ കൈയടക്കി. തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്ത‌ർ എത്തി. കൂടാതെ വിദേശികളും.

Leave a Reply

Your email address will not be published. Required fields are marked *