ലോക്സഭാ തെരഞ്ഞെടുപ്പ് ; ഇടത് മുന്നണി സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ആണ് ഇന്ന് നടക്കുന്നത്. നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. 15 സീറ്റിലേക്കുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിലും പ്രഖ്യാപനം മാത്രമാണ് ബാക്കി. മറ്റന്നാൾ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പ്രഖ്യാപനമുണ്ടാകും. സ്ഥാനാർത്ഥി പട്ടിക ഒരുമിച്ച് ഒരു ദിവസം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സിപിഐഎം, സിപിഐ നേതൃത്വങ്ങൾ തമ്മിൽ ആശയവിനിമയവും നടക്കുന്നുണ്ട്.

എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെജെ ഷൈൻ പ്രചാരണം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ടയിൽ ഏറെ നേരത്തെ തന്നെ തോമസ് ഐസകും പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. സിറ്റിങ് എംപി തോമസ് ചാഴികാടൻ കേരള കോൺഗ്രസ് എമ്മിന്റെ തട്ടകമായ കോട്ടയത്തും ഔദ്യോഗികമായി തന്നെ പ്രചാരണം ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 20 ൽ 15 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. നാലിടത്ത് സിപിഐയും ഒരു സീറ്റ് കേരള കോൺഗ്രസ് എമ്മിനുമാണ്.

കാസര്‍കോട് എംവി ബാലകൃഷ്‌ണൻ, കണ്ണൂരിൽ എംവി ജയരാജൻ, വടകരയിൽ കെകെ ശൈലജ, വയനാട്ടിൽ ആനി രാജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയിൽ കെഎസ് ഹംസ, പാലക്കാട് എ വിജയരാഘവൻ, തൃശ്ശൂരിൽ വിഎസ് സുനിൽകുമാര്‍, ആലത്തൂരിൽ കെ രാധാകൃഷ്ണൻ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, എറണാകുളത്ത് കെജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോര്‍ജ്ജ്, കോട്ടയത്ത് തോമസ് ചാഴികാടൻ, പത്തനംതിട്ടയിൽ തോമസ് ഐസക്, ആലപ്പുഴയിൽ എഎം ആരിഫ്, മാവേലിക്കരയിൽ സിഎ അരുൺകുമാര്‍, കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങൽ വി ജോയ്, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരെയാണ് ഇടത് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *