ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി ജില്ലാക്കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. നിലവറയിലെ പൂജ 1993-ൽ തടഞ്ഞ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.

പൂജ അനുവദിച്ചതിനെ ചോദ്യംചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളികൊണ്ട് മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയില്‍ നടത്തുന്ന പൂജ തുടരാമെന്ന് വ്യക്തമാക്കിയത്.

ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്തുന്നതിനായി വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. തുടർന്ന് ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് സുപ്രിംകോടതി ഹർജി തള്ളുകയായിരുന്നു.

2021 ആഗസ്റ്റിലാണ് പള്ളി സമുച്ചയത്തിൽ ആരാധന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ നടത്താൻ ജില്ലാ കോടതി അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി തള്ളി. തുടർന്ന് സർവേ നടത്തുകയും ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൂജക്ക് അനുമതി നൽകി കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *