ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ശബരിമല,മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മലയാള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരെ മാത്രം മഹാപുരോഹിതനായി തെരഞ്ഞെടുക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജി.

നിലവിലെ സാഹചര്യത്തില്‍ റിട്ട് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടേണ്ടിവരില്ലെന്നാണ് തീരുമാനമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, 2021 മെയ് 27 ലെ വിജ്ഞാപനത്തിലൂടെ, ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും ശാന്തിക്കാരന്‍ തസ്തികയിലേക്ക് മലയാള ബ്രാഹ്മണ സമുദായാംഗങ്ങളില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചിരുന്നു. 2021ജൂലൈയില്‍ അഭിഭാഷകനായ ബിജി ഹരീന്ദ്രനാഥ് ഈ വിജ്ഞാപനം സുപ്രീംകോടതി വിധികള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തു. മേല്‍ശാന്തി നിയമനം മതേതര നടപടിയാണെന്നും ഇത് ഒരു പ്രത്യേക സമുദായത്തില്‍ മാത്രമായി ഒതുങ്ങരുതെന്നും നിയമനം പൂര്‍ണമായി നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ശബരിമലയില്‍ മലയാള സമ്പ്രദായത്തിലാണ് പൂജകള്‍ നടക്കുന്നത്. അതുകൊണ്ടാണ് മലയാള ബ്രാഹ്മണന്‍ എന്ന് നിബന്ധന വെയ്ക്കുന്നത്. ക്ഷേത്രം മാനേജ്‌മെന്റ് ആയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം നിയമപ്രകാരം ശാന്തി ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള അധികാരമുണ്ട്. അതിനെ ചോദ്യം ചെയ്യാനാകില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *