രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി, ബിജെപി സ്ഥാനാർത്ഥിക്ക് ജയം, എംഎൽഎമാരെ തട്ടിക്കൊണ്ട് പോയെന്ന് കോൺഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. ആറ് കോൺഗ്രസ് എം.എൽ.എമാരെയും മൂന്ന് സ്വതന്ത്രൻമാരെയും ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു ആരോപിച്ചു. സി.ആർ.പി.എഫ് കാവലിൽ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം.

അതിനിടെ ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം പ്രഖ്യാപിച്ചു. ഹർഷ് മഹാജൻ വിജയിച്ചെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ബി.ജെ.പി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചെന്ന് പ്രതിപക്ഷനേതാവ് ജയ്‌റാം ഠാക്കൂർ അവകാശപ്പെട്ടു. അഭിഷേക് മനു സിങ്‌വിയാണ് കോൺഗ്രസ് സ്ഥാനാർഥി.

2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 68 നിയസഭാ സീറ്റുകളിൽ 40 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബി.ജെ.പിക്ക് 25 എം.എൽ.എമാരാണുള്ളത്. ബി.ജെ.പി സ്ഥാനാർഥിയായ ഹർഷ് മഹാജൻ മുൻ കോൺഗ്രസ് എം.എൽ.എയാണ്.

Leave a Reply

Your email address will not be published. Required fields are marked *