രാജ്യസഭയിലും എൻഡിഎ മുന്നണി ഭൂരിപക്ഷത്തിലേക്ക്; ഇനി വേണ്ടത് 3 സീറ്റുകൾ മാത്രം

രാജ്യസഭയിൽ ഭൂരിപക്ഷമാകാൻ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിക്ക് ഇനി വേണ്ടത് മൂന്നു സീറ്റ് മാത്രം. ഈ മാസം 56 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 30 സീറ്റുകൾ ബി.ജെ.പി നേടി. നിലവിൽ ബി.ജെ.പിക്ക് രാജ്യസഭയിൽ 97 അംഗങ്ങളും എൻ.ഡി.എ മുന്നണിക്ക് ആകെ 118 അംഗങ്ങളുമുണ്ട്.

ഈ മാസം ആദ്യം 56 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 41ലും സ്ഥാനാർഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് മൂന്ന് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ക്രോസ് വോട്ടിങ്ങിലൂടെ ബി.ജെ.പിക്ക് രണ്ട് സീറ്റ് അധികം ലഭിച്ചിരുന്നു. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എം.എൽ.എമാരും യു.പിയിൽ സമാജ്‌വാദി പാർട്ടി എം.എൽ.എയുമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തത്.

245 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 123 സീറ്റാണ് വേണ്ടത്. നിലവിൽ അഞ്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ നാലെണ്ണം പ്രസിഡന്റ് ഭരണം നിലനിൽക്കുന്ന ജമ്മു കശ്മീരിലാണ്. ഒന്ന് പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന വിഭാഗത്തിലുമാണ്. ഈ സാഹചര്യത്തിൽ 240 അംഗ സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 121 സീറ്റുകൾ മതിയാകും.

ലോക്‌സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും ബില്ലുകൾ പാസാക്കിയെടുക്കാൻ രാജ്യസഭ ബി.ജെ.പിക്ക് വലിയ തടസ്സമായിരുന്നു. ഭൂപരിഷ്‌കരണ ബിൽ, മുത്തലാഖ് ബിൽ തുടങ്ങിയവ രാജ്യസഭയിൽ പാസാക്കുന്നത് പ്രതിപക്ഷം തടഞ്ഞിരുന്നു. രണ്ടാം തവണ അവതരിപ്പിച്ചാണ് മുത്തലാഖ് ബിൽ കേന്ദ്ര സർക്കാർ പാസാക്കിയത്. ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ മുത്തലാഖ് ബില്ലും ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമെല്ലാം ബി.ജെ.പി രാജ്യസഭ കടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *