അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഡ്രൈവ് ചെയ്യുന്നതിനിടയിൽ റോഡിൽ ശ്രദ്ധ ചെലുത്താത്തതിനാൽ സംഭവിച്ച വിവിധ അപകടങ്ങളുടെ ദൃശ്യങ്ങൾ പങ്ക്വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്. വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും, ജംഗ്ഷനുകളിലും, ട്രാഫിക് സിഗ്‌നലുകളിലും മറ്റും അതീവ ശ്രദ്ധയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യണമെന്നും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോണുകളിൽ സംസാരിക്കുക, സന്ദേശങ്ങൾ അയക്കുക, ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുക, സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറുക, ഫോട്ടോ എടുക്കുക മുതലായ പ്രവർത്തികൾ ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നതിന് ഇടയാക്കുമെന്നും, ഇവ അപകടങ്ങളിലേക്ക് നയിക്കാമെന്നും അബുദാബി പോലീസ് മുൻപ് പലപ്പോഴായി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം പ്രവർത്തികൾ വാഹനങ്ങൾ ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് ഡ്രൈവർ അറിയാതെ വ്യതിചലിക്കുന്നതിനും മറ്റും ഇടയാക്കാമെന്നും, അതിനാൽ ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ റോഡിലേക്ക് പൂർണ്ണ ശ്രദ്ധ പുലർത്താനും ഡ്രൈവർമാരെ അധികൃതർ ഓർമ്മപ്പെടുത്തി. ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവയാണ് എമിറേറ്റിലെ റോഡപകടങ്ങൾക്ക് മുഖ്യകാരണമെന്ന് അബുദാബി പോലീസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുന്നതാണ്. പിഴയ്ക്ക് പുറമെ ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് 4 ബ്ലാക്ക് ട്രാഫിക് പോയിന്റുകളും ചുമത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *