ഇന്‍സ്റ്റാഗ്രാം ആപ്പില്‍ എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചു; ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികവുറ്റതാകും

ഇന്‍സ്റ്റാഗ്രാമിന്റെ ഐഫോണ്‍ ആപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികവുറ്റതാകും. ഐഫോണ്‍ 12 ലും അതിന് ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്പില്‍ എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചു. ഇതോടെ ആപ്പില്‍ എച്ച്ഡിആര്‍ (ഹൈ ഡൈനാമിക് റേഞ്ച്) വീഡിയോകളും ചിത്രങ്ങളും അപ് ലോഡ് ചെയ്യാനും കാണാനും സാധിക്കും.

നേരത്തെ, മെറ്റയും സാംസങും സഹകരിച്ച് പുതിയ ഗാലക്‌സി എസ്24 ന് വേണ്ടി പുതിയ ‘സൂപ്പര്‍ എച്ച്ഡിആര്‍’ ഫീച്ചറും അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറാണ് ഇപ്പോള്‍ ഐഫോണുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ആന്‍ഡ്രോയിഡിലേത് പോലെ പുതിയ ഫോണില്‍ മാത്രമല്ല, ഐഫോണ്‍ 12 വരെയുള്ള പഴയ ഐഫോണ്‍ മോഡലുകളില്‍ എച്ച്ഡിആര്‍ ഫീച്ചര്‍ ലഭ്യമാവുമെന്നത് ശ്രദ്ധേയമാണ്.

എച്ച്ഡിആര്‍ ചിത്രങ്ങള്‍ സാധാരണ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ തെളിച്ചമുള്ളവയും കൂടുതല്‍ വ്യക്തതയുള്ളവയുമായിരിക്കും. അത്തരം ചിത്രങ്ങള്‍ക്ക് ഫോണില്‍ കൂടുതല്‍ മനോഹരമായി തോന്നുകയും ചെയ്യും. പുതിയ ഐഫോണ്‍ മോഡലുകളില്‍ എച്ച്ഡിആര്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും. എം1 പ്രൊസസറിലോ പുതിയ പ്രൊസസറുകളിലോ പ്രവര്‍ത്തിക്കുന്ന മാക്ക്ബുക്കിലും ഈ ചിത്രങ്ങള്‍ ആസ്വദിക്കാം.

ഐഫോണില്‍ പകര്‍ത്തിയ എച്ച്ഡിആര്‍ ചിത്രങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള എഡിറ്റ് മാറ്റങ്ങള്‍ വരുത്തിയാലോ ഫില്‍റ്റര്‍ ഉപയോഗിച്ചാലോ അത് സ്റ്റാന്റേര്‍ഡ് ഡൈനാമിക് റേഞ്ചിലേക്ക് മാറും.

Leave a Reply

Your email address will not be published. Required fields are marked *