വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ തിരിച്ച് വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായി; തെളിവുണ്ടെന്ന് പൊലീസ്

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു. ഇതിനുള്ള തെളിവുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 120ബി വകുപ്പ് കൂടിയാണ് ഇതോട് കൂടി ചേര്‍ക്കപ്പെടുന്നത്. ഈ വകുപ്പ് ചുമത്താത്തതില്‍ നേരത്തെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

മർദ്ദനം, തടഞ്ഞു വെക്കൽ, ആത്മഹത്യാ പ്രേരണ, റാഗിംഗ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ചുമത്തിയിരുന്നത്. ഇതിനൊപ്പം ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ക്കണമെന്നതായിരുന്നു ഉയര്‍ന്നിരുന്ന ആവശ്യം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ശേഷം നടന്ന മർദ്ദനത്തിനും വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ പോര എന്നത് നേരത്തെ പരാതിപ്പെട്ടിരുന്നു. ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്, ഇത് പ്രതികളെ സംരക്ഷിക്കുന്നതിനാണ് എന്നുമാണ് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനിടെയാണിപ്പോള്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *