‘മഞ്ഞുമ്മല്‍ ബോയ്‌സ്’100 കോടി ക്ലബ്ബിൽ

പുറത്തിറങ്ങി 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറി മഞ്ഞുമ്മൽ ബോയ്‌സ്. പുലിമുരുകൻ, ലൂസിഫർ, 2018 എന്നി ചിത്രങ്ങൾക്ക് ശേഷം 100 കോടി ക്ലബ്ലിലെത്തുന്ന നാലാമത്തെ മലയാള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിൽ ചിത്രം 40 കോടിയോളം നേടിയെന്ന് റിപ്പോർട്ടുകളുണ്ട്. ചിദംബരം സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രം തമിഴ്നാട്ടിലും വൻ പ്രേക്ഷക പിന്തുണയാണ് നേടുന്നത്. തമിഴ്നാട്ടിൽ ചിത്രം 15 കോടിയിലധികം കളക്ഷൻ നേടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലിംകുമാർ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും 2006ൽ ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്രപോവുന്നതും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് പറയുന്നത്. ഗുണകേവിനെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രത്തിൽ ‘ഗുണ’ എന്ന കമൽഹാസൻ ചിത്രത്തിലെ ‘കൺമണി അൻപോട്’ എന്ന ഗാനം ഉൾപ്പെടുത്തിയത് വൻ സ്വീകാര്യത നേടിയിരുന്നു.

നടൻ കമൽഹാസനുമൊത്തുളള ‘മഞ്ഞുമ്മൽ ബോയ്സ്’ താരങ്ങളുടെ കൂടിക്കാഴ്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിൻ ശ്യാമാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *