കോളേജ് വിദ്യാര്‍ഥിയെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പുനലൂര്‍ കോളേജ് വിദ്യാര്‍ഥിയെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ ശ്രീനാരായണ കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥി സജില്‍ താജിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 20 വയസായിരുന്നു. ജോയിന്റ് എക്‌സൈസ് കമ്മിഷണർ അഞ്ചല്‍ അലയമണ്‍ പുത്തയം തേജസ് മന്‍സിലില്‍ ജെ. താജുദീന്‍കുട്ടിയുടേയും സബീനാ ബീവിയുടേയും മകനാണ് സജില്‍ താജ്. പുനലൂരില്‍ മുക്കടവ് തടയണക്ക് സമീപത്തുനിന്ന് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങുമ്പോള്‍ കാല്‍വഴുതി ആറ്റിലകപ്പെട്ടതാവാമെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച കോളേജിൽ പോയ സജില്‍ ഏറെവൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തില്‍ മുക്കടവില്‍ നിന്ന് അവസാന സിഗ്നല്‍ ലഭിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പോലീസ് ഇവിടെയെത്തി പരിശോധിച്ചപ്പോള്‍ പാറപ്പുറത്ത് നിന്നും സജിലിന്റെ ബാഗും ചെരുപ്പും വസ്ത്രവും കണ്ടെടുത്തു. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *