ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം നാളെ

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോയായ കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമിച്ചിരിക്കുന്നത് ഹൂഗ്ലി നദിയിലാണ്. കൊൽക്കത്തയുടെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനെയുമാണ് പാത ബന്ധിപ്പിക്കുക.

ഹൂഗ്ലി നദിയുടെ കിഴക്കും പടിഞ്ഞാറുമായാണ് ഹൗറയും സാൾട്ട് ലേക്ക് നഗരവും സ്ഥിതി ചെയ്യുന്നത്. അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്‌റ്റേഷനുകളാണ് പാതയിലുണ്ടാകുക. ഹൗറ മൈതാൻ, ഹൗറ സ്‌റ്റേഷൻ കോംപ്ലക്‌സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്നു സ്‌റ്റേഷനുകൾ.

മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക. അത് ഹൂഗ്ലിയിലെ ഭാഗം 45 സെക്കൻഡ് കൊണ്ട് മറികടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ പൊതുജനങ്ങൾക്കായി മെട്രോ യാത്ര നടത്താൻ അവസരം ലഭിക്കും.

കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡാണ് (കെഎംആർസിഎൽ) പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കൊൽക്കത്ത മെട്രോക്ക് മൂന്നു ലൈനുകളാണുള്ളത്. ദക്ഷിണേശ്വർ മുതൽ കവി സുഭാഷ്, സാൾട്ട് ലേക്ക് സെക്ടർ അഞ്ച് മുതൽ സീൽദാ, ജോക മുതൽ താർതല എന്നിങ്ങനെയാണ് ഈ ലൈനുകൾ. മറ്റു മൂന്നു ലൈനുകൾ നിർമാണത്തിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *