‘ലീപ് 24’ അന്താരാഷ്ട്ര സാങ്കേതിക മേളയിലെ ആദ്യ ദിവസം പ്രഖ്യാപിച്ചത് 11.9 ശതകോടി ഡോളറിന്റെ നിക്ഷേപം. തിങ്കളാഴ്ച രാവിലെ റിയാദിലാരംഭിച്ച ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സാങ്കേതികവിദ്യ സമ്മേളനത്തിലാണ് ഉയർന്നുവരുന്നതും ആഴത്തിലുള്ളതുമായ സാങ്കേതിക വിദ്യകൾ, നവീകരണം, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ നൈപുണ്യ വികസനം എന്നിവയെ പിന്തുണക്കുന്നതുമായ ഇത്രയും വലിയ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ചത്. ഈ രംഗത്തെ ഏറ്റവും വലിയ നിക്ഷേപമാണെന്നാണ് വിലയിരുത്തൽ. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയിലും ലോകത്തെ മുൻനിര സാങ്കേതികവിദ്യ കമ്പനികൾക്ക് ആകർഷകമായ അന്തരീക്ഷമെന്ന നിലയിലും സൗദി അറേബ്യയുടെ സ്ഥാനം വർധിപ്പിക്കുന്നതാണിത്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്ക് ആകർഷകമായ അന്തരീക്ഷം നൽകുകയും ചെയ്യും.
സൗദിയിൽ ഉയർന്ന ശേഷിയുള്ള ക്ലൗഡ് മേഖല സൃഷ്ടിക്കുന്നതിനായി ആമസോൺ വെബ് സേവനങ്ങൾ 5.3 ശതകോടി ഡോളർ നിക്ഷേപിക്കുമെന്ന് സമ്മേളനത്തിന്റെ ആദ്യ ദിനം പ്രഖ്യാപിച്ചു. ഐ.ബി.എം ആദ്യത്തെ ആഗോള സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കേന്ദ്രം സ്ഥാപിക്കാൻ 25 കോടി ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. മേഖലയിൽ ആദ്യത്തെ ഡാറ്റാ സെന്റർ ആരംഭിക്കുന്നതിനായി സർവിസ് നൗ (ServiceNow) 50 കോടി ഡോളർ നിക്ഷേപിക്കും. ദേശീയ പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും അവരുടെ ശേഷി വികസിപ്പിക്കുന്നതിനും പുറമെ സൗദി അറേബ്യ ആസ്ഥാനമായിട്ടായിരിക്കും പ്രവർത്തിക്കുക. സമ്മേളനത്തിൽ വ്യവസായിക മേഖലയിൽ ലോകത്തിലെ ആദ്യത്തെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ അവതരിപ്പിക്കുമെന്ന് അരാംകോ പ്രഖ്യാപിച്ചു. കൂടാതെ സൗദി അറേബ്യയുടെ ഡിജിറ്റൽ ഭാവി മെച്ചപ്പെടുത്തുന്ന ഒരു സംയോജിത ദേശീയ കേന്ദ്രമായി സൗദി ഇന്നൊവേഷൻ ലബോറട്ടറി സ്ഥാപിക്കുമെന്നും ആരാംകോ വ്യക്തമാക്കി. 300 മെഗാവാട്ടിൽ കൂടുതൽശേഷിയുള്ള സുസ്ഥിരവും നൂതനവുമായ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നതിന് 500 കോടി ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി ഡാറ്റവോൾട്ട് പ്രഖ്യാപിച്ചു.
ഡെൽ സൗദി അറേബ്യയിൽ ഒരു നിർമാണ, വിതരണ, ഓർഡർ കേന്ദ്രം തുറക്കാൻ ഉദ്ദേശിക്കുന്നതായും പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്ക – തുർക്കി മേഖലകളിൽ ആദ്യത്തേതാണിത്. ദേശീയ പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനായി യുപാത്ത് (Uipath) അക്കാദമി മേഖലയിലെ ആദ്യത്തെ ഓട്ടോമേഷൻ അക്കാദമി ആരംഭിച്ചു.