സൗദിയിൽ നിർമിച്ച രണ്ടാമത്തെ യുദ്ധക്കപ്പൽ നീറ്റിലിറക്കി; ‘ദി കിങ് ഉനൈസ’ സർവാത്ത് പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന അഞ്ചാമത്തെ കപ്പൽ

സൗദിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടാമത്തെ യുദ്ധ കപ്പൽ നീറ്റിലിറക്കി. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാെന പ്രതിനിധീകരിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമീദ് അൽ റുവൈലി ജിദ്ദയിലെ കിങ് ഫൈസൽ നേവൽ ബേസിൽ കപ്പലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ‘ദി കിങ് ഉനൈസ’ എന്ന നാമകരണം ചെയ്ത കപ്പൽ ‘സർവാത്ത്’ പദ്ധതിക്ക് കീഴിൽ നിർമിച്ച അഞ്ചാമത്തെ കപ്പലാണ്.

ഉദ്ഘാടനത്തിന് ശേഷം ചീഫ് ഓഫ് സ്റ്റാഫ് സഹ ഉദ്യോഗസ്ഥരോടൊപ്പം കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ കയറി. നാവികസേനയുടെ ഔദ്യോഗിക സേവനത്തിലേക്ക് കപ്പലിന്റെ പ്രവേശനം അടയാളപ്പെടുത്തി സൗദി പതാക ഉയർത്തി. കപ്പലിന്റെ റഡാറുകളും വിസിലുകളും പ്രവർത്തിക്കാൻ തുടങ്ങി. അടുത്തുള്ള കപ്പലുകൾ വിസിലുകൾ മുഴക്കി പുതിയ കപ്പലിനെ സ്വാഗതം ചെയ്തു. ചീഫ് ഓഫ് സ്റ്റാഫ് കപ്പലിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും അതിൽ അടങ്ങിയിരിക്കുന്ന മോഡേണും ഹൈടെക്കുമായ ഉപകരണങ്ങൾ കാണുകയും ചെയ്തു.

ഈ കപ്പൽ ‘കൊർവെറ്റ് അവൻറ് 2200’ എന്ന ഇനത്തിൽപ്പെട്ടതാണെന്ന് റോയൽ സൗദി നേവൽ ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽഗുഫൈലി പറഞ്ഞു. നാവിക സേനയുടെ സൈനിക ശക്തി വർധിപ്പിക്കുന്നതിനും മേഖലയിലെ സാമുദ്രിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സുപ്രധാനവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ കപ്പൽ മുതൽക്കൂട്ടാവും. അഞ്ച് യുദ്ധക്കപ്പലുകൾ നിർമിച്ച് ഒറ്റ വ്യൂഹത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണ് ‘സർവാത്ത്’. അതിലെ ഒടുവിലത്തേതും പൂർണമായും സൗദിയിൽ നിർമിച്ച രണ്ടാമത്തതുമാണ് ഈ കപ്പൽ.

Leave a Reply

Your email address will not be published. Required fields are marked *