സ്പാനിഷ് ലാ ലിഗയിൽ സെൽറ്റ വിഗോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് റയൽ മാഡ്രിഡ്

സ്പാനിഷ് ലാ ലിഗയിൽ സെൽറ്റ വിഗോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഒന്നാം സ്ഥാനം ഭദ്രമാക്കി റയൽ മാഡ്രിഡ്. മത്സരം തുടങ്ങിയയുടൻ രണ്ടുതവണ എഡ്വാർഡോ കമവിംഗ എതിർ ഗോൾകീപ്പർ വിൻസന്റെ ഗ്വെയ്റ്റയെ പരീക്ഷിച്ചെങ്കിലും കീഴടക്കാനായില്ല. 21ാം മിനിറ്റിലാണ് റയൽ അക്കൗണ്ട് തുറന്നത്. ലൂക മോഡ്രിച്ചിന്റെ ഫ്രീകിക്ക് റൂഡ്രിഗർ ഹെഡറിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ തടഞ്ഞു. എന്നാൽ, റീബൗണ്ടിൽ പന്ത് ലഭിച്ച വിനീഷ്യസിന്റെ ​ആദ്യ ഷോട്ട് ഗോൾകീപ്പർ ത​ടഞ്ഞെങ്കിലും രണ്ടാം തവണ അനായാസം വലയിലെത്തിച്ചു. 38ാം മിനിറ്റിൽ അവസരം ലഭിച്ച സെൽറ്റ വിഗോക്ക് എന്നാൽ, റയൽ ഗോൾകീപ്പറെ മറികടക്കാനായില്ല.

79ാം മിനിറ്റിൽ മോഡ്രിച്ചിന്റെ കോർണർ കിക്കിൽനിന്ന് തന്നെ രണ്ടാം ഗോൾ പിറന്നു. നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളുമെത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയ വിനീഷ്യസ് പന്ത് എതിർ ബോക്സിലേക്ക് ക്രോസ് ചെയ്തപ്പോൾ സെൽറ്റ വിഗോ താരം കാർലോസ് ഡൊമിൻഗ്വസിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ റയൽ പട്ടിക തികച്ചു. സെബലോസ് നൽകിയ പാസ് പിടിച്ചെടുത്ത ടർക്കിഷ് കൗമാര താരം ആർദ ഗുലേർ എതിർ ഗോൾകീപ്പറെ വെട്ടിച്ച് മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ജയത്തോടെ 69 പോയ്ന്റ് നേടിയ റയൽ രണ്ടാം സ്ഥാനത്തുള്ള ജിറോണയുമായുള്ള പോയന്റ് വ്യത്യാസം ഏഴായി ഉയർത്തി. രണ്ടാം സ്ഥാനത്തുള്ള ജിറോണക്ക് 62 മൂന്നാമതുള്ള ബാഴ്സലോണക്ക് 61ഉം പോയ്ന്റാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *