ഡ്രോണുകളേ വീഴ്ത്താൻ ഇനി യു.കെ.യുടെ ഡ്രാഗണ്‍ഫയർ; അത്യാധുനിക ലേസര്‍ ആയുധവുമായി പ്രതിരോധസേന

വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍, മിസൈൽ പോലെയുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താന്‍ ഡ്രാഗണ്‍ഫയറുമായി യു.കെ പ്രതിരോധസേന. അത്യാധുനിക ലേസര്‍ ആയുധമാണ് ‘ഡ്രാഗണ്‍ഫയര്‍’. ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യു.കെ. പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാന്‍ ഡ്രാഗണ്‍ഫയര്‍ പര്യാപ്തമാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. എന്നാൽ ഡ്രാഗണ്‍ഫയറിന്റെ പരമാവധി റേഞ്ച് എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌കോട്‌ലന്‍ഡിലെ ഹെര്‍ബ്രിഡ്‌സ് റേഞ്ചില്‍ ജനുവരിയിലായിരുന്നു ഡ്രാഗണ്‍ഫയറിന്റെ ആദ്യപരീക്ഷണം.

ആയുധനിര്‍മാണത്തിനും ഉപയോഗത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ഈ ആയുധം ഉപയോഗപ്പെടുമെന്ന് ആദ്യപരീക്ഷണം വിജയിച്ചതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. ഡ്രോണുകളും മിസൈലുകളും വെടിവെച്ചിടാന്‍ യു.എസ്., ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ലേസര്‍ ആയുധങ്ങള്‍ നേരത്തെ വികസിപ്പിച്ചിരുന്നു, ഇവരുടെ നിരയിലേക്ക് ഇപ്പോൾ യു.കെ.യും എത്തിയിരിക്കുകയാണ്. സൈനികാക്രമണങ്ങള്‍ക്കായി ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്, ഇത് ചെറുക്കാനായി ലേസര്‍ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് ലോകരാഷ്ട്രങ്ങളുടെ പരിഗണനയിലുള്ള കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *