കർഷക പ്രതിഷേധം ; കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കർഷകരുടെ ‘മഹാപഞ്ചായത്ത്’ ഇന്ന് ഡൽഹിയിൽ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനിയിലാണ് ‘കിസാൻ മസ്ദൂർ മഹാപഞ്ചായത്ത്’ നടക്കുക. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകർ മഹാപഞ്ചായത്തിൽ അണിചേരും. വനിതാ, തൊഴിലാളി, യുവജന സംഘടനകളും ഭാഗമാകും.

ഫെബ്രുവരി 22ന് ചണ്ഡീഗഢിൽ ചേർന്ന യോഗത്തിലാണ് സംയുക്ത കിസാൻ മോർച്ച മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തത്. വിളകൾക്കുള്ള മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരിക, എല്ലാ കർഷകരുടെയും കടങ്ങൾ സമ്പൂർണമായി എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.

പഞ്ചാബിൽ നിന്നുള്ള 30,000-ത്തിലധികം കർഷകർ ദേശീയ തലസ്ഥാനത്ത് എത്തുമെന്നാണ് വിലയിരുത്തൽ. 800-ലധികം ബസുകളിലും ട്രക്കുകളിലും ട്രെയിനുകളിലുമായി കർഷകർ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. മാർച്ച് 11ന് ഡൽഹി പൊലീസും മുനിസിപ്പൽ കോർപ്പറേഷനും മഹാപഞ്ചായത്തിന് അനുമതി നൽകിയിരുന്നു. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *