എപിപി അനീഷ്യയുടെ ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍

കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ (44) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. അമ്മ പ്രസന്ന നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി.ജി. അജിത് കുമാറാണ് പരിഗണിച്ചത്.

ജനുവരി 21-നാണ് അനീഷ്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരവൂര്‍ പോലീസാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. സഹപ്രവര്‍ത്തകരില്‍നിന്നുള്ള മാനസിക പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

ഇതിനെ തുടര്‍ന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ ജലീല്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാംകൃഷ്ണന്‍ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു. ഇതിനുശേഷം അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല.

തന്നെ ബുദ്ധിമുട്ടിച്ചവരെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരെക്കാള്‍ ഉയര്‍ന്ന തസ്തികയിലുള്ളവരാണ്. അതിനാല്‍ നിലവില്‍ നടക്കുന്ന അന്വേഷണം ഫലപ്രദമാകില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതിനാല്‍ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *