‘പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല’; വിശദീകരണവുമായി ആന്‍റോ ആന്‍റണി

പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി. പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്‍റോയുടെ വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് എതിരാളികൾ.

പുൽവാമയിൽ പാകിസ്ഥാന് എന്ത് പങ്കെന്ന് ഇന്നലത്തെ ചോദ്യം വൻ വിവാദമായതോടെ ആന്‍റോ ആന്‍റണി തിരുത്തി. പരാമർശം ദേശീയതലത്തിൽ ബിജെപി ചർച്ചയാക്കി. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്‍റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തെന്ന് വിശദീകരണം. ആന്‍റോ ആന്‍റണിക്കെതിരെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക് രംഗത്തെത്തി. ദേശീയ രാഷ്ട്രീയം പറഞ്ഞാൽ കോൺഗ്രസിന്‍റെ ഇരട്ടത്താപ്പ് പുറത്താകുമെന്ന് കൂടി തോമസ് ഐസക് പറഞ്ഞു വെയ്ക്കുന്നു.

അതേസമയം ആന്‍റോ ആന്‍റണിയുടെ പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണെന്ന് അനില്‍ ആന്‍റണി കൊച്ചിയില്‍ പറഞ്ഞു. പരാമര്‍ശത്തിലൂടെ ആന്‍റോ ആന്‍റണി ഇന്ത്യൻ സൈനികരെയാണ് അവഹേളിച്ചത്. ആന്‍റോ ആന്‍റണിയുടെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്. പാകിസ്ഥാൻ കേന്ദ്ര മന്ത്രി അന്ന് അവരുടെ പാര്‍ലമെന്‍റില്‍ പറഞ്ഞത് പുല്‍വാമ അവരുടെ വിജയം എന്നാണ്.  തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയാണ് എംപി അവഹേളിച്ചത്. 

ആന്‍റോ ആന്‍റണി മാപ്പ് പറയണം. ഇല്ലെങ്കിൽ നിയമനടപടികൾ ആലോചിക്കുമെന്നും അനില്‍ ആന്‍റണി പറഞ്ഞു. ചില വിഭാഗക്കാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ പലതും പറയുന്നത്. രാഹുൽ ഗാന്ധിയും ഇതുതന്നെയാണ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തിന്‍റേതാണ് അവസാന വാക്ക്. ഇത് നടപ്പാക്കില്ല എന്നു പറയുന്നവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പല മുഖ്യമന്ത്രിമാരും ഇങ്ങനെ പറയുന്നുണ്ടെന്നും അനില്‍ ആന്‍റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *