ബിസിസിഐ ശ്രേയസ് അയ്യരുടെ വാർഷിക കരാർ പുന:സ്ഥാപിച്ചേക്കും

രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും മുംബൈക്ക് വേണ്ടി കളത്തിലിറങ്ങിയ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ വാർഷിക കരാർ ബിസിസിഐ പുന:സ്ഥാപിച്ചേക്കും. നേരത്തെ രഞ്ജി ട്രോഫിയിൽ കളിക്കുന്നതിന് വിമുഖത കാണിച്ച താരത്തിനെ ബിസിസിഐ കരാറിൽ നിന്ന് പുറത്താക്കുകയായിരുന്നു. രഞ്ജി ട്രോഫിയിൽ ഫൈനലിൽ വിദർഭക്കെതിരായ മത്സരത്തിൽ അയ്യർ 95 റൺസെടുത്ത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പുറം വേദനയെന്ന കാരണത്താൽ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ശ്രേയസ് അയ്യർ പിൻമാറിയിരുന്നു. പിന്നീട് അയ്യർക്ക് പരിക്കില്ലെന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമി ബിസിസിഐക്ക് റിപ്പോർട്ട് നൽകി. ഇതോടെയാണ് താരത്തിനെതിരെ കടുത്ത നടപടിയെടുക്കാൻ ബോർഡ് മുതിർന്നത്.

എന്നാൽ ബിസിസിഐയുടെ നടപടിക്ക് പിന്നാലെ ശ്രേയസ് മുംബൈയ്ക്കായി രഞ്ജിയിൽ സെമി ഫൈനലും ഫൈനലും കളിയ്ക്കുകയായിരുന്നു. ഫൈനലിൽ ബാറ്റിങിനിടെ പുറം വേദന അനുഭവപ്പെട്ടതോടെ താരം ഫീൽഡിങിന് ഇറങ്ങിയില്ല. ഇതോടെ ശ്രേയസ് അയ്യർ പറഞ്ഞത് സത്യമാണെന്നും തന്റെ ജോലി ഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് രഞ്ജിയിൽ നിന്നും മാറിനിന്നതെന്നും വ്യക്തമായി. അതോടെ തെറ്റു സംഭവിച്ചതായി മനസിലാക്കിയ ബിസിസിഐ അയ്യരുടെ വാർഷിക കരാർ പുന:സ്ഥാപിക്കുന്നതിനേ കുറിച്ച് ചിന്തിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഗ്രേഡ് ബി ക്യാറ്റഗറിയിലാണ് ശ്രേയസുണ്ടായിരുന്നത്. അതേസമയം, ശ്രേയസിന്റെ പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *