ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. രാവിലെ പത്തോടെ അദ്ദേഹം ഡൽഹി റോസ് റവന്യൂ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി അദ്ദേഹത്തോട് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. 15,000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

കോടതി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്. ഇതേ കേസിൽ ബി.ആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായി കെ. കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സമാനമായ നടപടിയിലേക്കു നീങ്ങിയേക്കുമെന്ന സൂചനകൾക്കിടെയാണ് കെജ്‌രിവാൾ ഡൽഹി കോടതിയിൽ ഹാജരായത്.

കെ. കവിതയെ ഇന്ന് ഡൽഹിയിലെ പി.എം.എൽ.എ കോടതിയിൽ ഹജരാക്കും. കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിശദമായി ചോദ്യം ചെയ്യും. അതേസമയം, കവിതയുടെ സഹോദരനും ബി.ആർ.എസ് വർക്കിങ് പ്രസിഡന്റുമായ കെ.ടി രാമറാവു അറസ്റ്റ് തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ഇ.ഡി ആരോപിച്ചിട്ടുണ്ട്. കവിത റാവു പ്രമോട്ടറായ സൗത്ത് ഗ്രൂപ്പെന്ന കമ്പനി ഡൽഹി സർക്കാരിന്റെ മദ്യനയം അബ്കാരികൾക്ക് അനുകൂലമാക്കുന്നതിനായി ആം ആദ്മി പാർട്ടി നേതാക്കന്മാർക്ക് 100 കോടി രൂപ നൽകിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *