‘രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൽ മുഖ്യമന്ത്രി പേടിക്കേണ്ട’; വിമർശനത്തിന് മറുപടിയുമായി കെ.സി വേണുഗോപാൽ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെസി വേണുഗോപാല്‍. യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്നലത്തെ രാഹുലിന്‍റെ ജോഡോ യാത്ര റാലിയിലേക്ക് എല്ലാ പാര്‍ട്ടികളെയും വിളിച്ചിരുന്നുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രഗത്മഭരായ എല്ലാവരും വന്നു. നമ്മുടെ കമ്മ്യൂണിസ്റ്റുകാരെയും വിളിച്ചിരുന്നു. വന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ട് വന്നില്ല. അവരുടെ ആശയ പാപ്പരത്വം ആണ് ആ തീരുമാനം. രാഹുൽ ഗാന്ധിക്ക് വയനാടിനോട് ആത്മബന്ധമുണ്ട്. അത് കൊണ്ടാണ് വീണ്ടും മത്സരിക്കുന്നത്. പിണറായി വിജയൻ പേടിക്കണ്ട. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം നിങ്ങളെ ആക്രമിക്കൽ അല്ല. മോദിയെ താഴെ ഇറക്കൽ ആണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. 10 കൊല്ലം മുമ്പ് പറഞ്ഞ എന്തെങ്കിലും ജനക്ഷേമം മോദി നടപ്പിലാക്കിയോ?, മോദിക്ക് ആകെ പറ്റുക ജനങ്ങളെ തമ്മിൽ അടിപ്പിക്കാനാണ്. നടപ്പിലും ഇരിപ്പിലും സ്വഭാവത്തിലും പെരുമാറ്റത്തിലും പിണറായിയും മോദിയും ഒരേ പോലെയാണ്. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ സീറ്റ് കുറയ്ക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണ് ബിജെപിക്കും സിപിഐഎമ്മിനുമുള്ളത്. അവർ അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുന്നില്ല. പൂക്കോട് വിഷയവും കെസി വേണുഗോപാല്‍ പരാമര്‍ശിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ സിദ്ധാർഥന്‍റെ അമ്മയെ ആദ്യം ആശ്വസിപ്പിക്കുക ഉമ്മൻ ചാണ്ടി ആയിരിക്കും. തിരുവനന്തപുരത്ത് നിന്ന് കുറഞ്ഞ ദൂരമല്ലേ ആ വീട്ടിലേക്ക് ഉള്ളു. പക്ഷെ പിണറായി പോയോ എന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *