ഗസ്സക്ക് സഹായവുമായി യുഎഇയുടെ മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു

യുദ്ധക്കെടുതിയിൽ പ്രയാസമനുഭവിക്കുന്ന ഗാസ്സയിലെ പലസ്തീനികൾക്ക് കൂടുതൽ സഹായങ്ങളുമായി യു.എ.ഇയിൽനിന്ന് മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു. 4630 ടൺ സഹായ വസ്തുക്കളുമായി ഞായറാഴ്ച ഫുജൈറ തുറമുഖത്തുനിന്ന് ഈജിപ്തിലെ അൽ അരിഷ് തുറമുഖത്തേക്കാണ് കപ്പൽ യാത്രതിരിച്ചത്. ഇതിൽ 4218.3 ടൺ ഭക്ഷ്യവസ്തുക്കൾ, 370 ടൺ താൽക്കാലിക പാർപ്പിടങ്ങൾ സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ, 41.6 ടൺ മെഡിക്കൽ വസ്തുക്കൾ, ആറ് ജല ടാങ്കുകൾ, രണ്ട് സെപ്റ്റിക് ടാങ്കുകൾ, ഒരു ഡീസൽ സംഭരണ ടാങ്ക് എന്നിവയാണുള്ളത്.

പലസ്തീനെ പിന്തുണക്കുന്നതിനായി പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച ‘ഗാലൻറ് നൈറ്റ് 3’ സംരംഭത്തിൻറെ ഭാഗമായാണ് എമിറേറ്റ്‌സ് റെഡ് ക്രസൻറ്, സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ സഹായങ്ങൾ എത്തിക്കുന്നത്. സഹായവസ്തുക്കൾ കപ്പലിലേക്ക് എത്തിക്കുന്നതിനായി 267 ട്രക്കുകളും സജ്ജമാക്കിയിരുന്നു.

‘ഗാലൻറ് നൈറ്റ് 3’ സംരംഭത്തിൻറെ ഭാഗമായി ഗാസ്സ മുനമ്പിൽ രണ്ട് ഫീൽഡ് ആശുപത്രികൾ, അൽ അരിഷ് തുറമുഖത്ത് ഫ്‌ലോട്ടിങ് ആശുപത്രി, ഓട്ടോമാറ്റഡ് ബേക്കറികൾ എന്നിവ ഉൾപ്പെടെ നിരവധി സംരംഭങ്ങളും യു.എ.ഇ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പ്രതിദിനം 12 ലക്ഷം ഗാലൻ ഉപ്പുജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ആറ് പ്ലാൻറുകളും സ്ഥാപിച്ചിരുന്നു. ഏതാണ്ട് ആറുലക്ഷം പേർക്ക് ഇതുവഴി കുടിവെള്ളം ലഭ്യമാക്കാനാവും. അടുത്തിടെ ‘നന്മയുടെ പറവകൾ’ എന്ന പേരിൽ ആകാശ മാർഗവും യു.എ.ഇ 468 ടൺ വസ്തുക്കൾ ഗസ്സയിൽ എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *