സ്പെയിനിന് മുന്നിൽ നിന്ന് അവസാന നിമിഷത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ബ്രസീൽ ; മത്സരം സമനിലയിൽ പിരിഞ്ഞു

വംശീയതയ്ക്കെതിരായ സന്ദേശം ഉയർത്തി പോർക്കളത്തിലിറങ്ങിയ ബ്രസീൽ-സ്പെയിൽ ടീമുകളുടെ ആരാധകർക്ക് ആശ്വാസം. സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന സന്നാഹ സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും സമനില പാലിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 3 ഗോൾ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

മൂന്ന് പെനൽറ്റികൾ പിറന്ന മത്സരത്തിൽ, അവസാന മിനിട്ടിൽ ലഭിച്ച പെനൽറ്റിയാണ് ബ്രസീലിനെ രക്ഷിച്ചത്. ഇഞ്ചുറി ടൈം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ബ്രസീലിനെ രക്ഷിച്ച പെനാൽട്ടി പിറന്നത്. കിക്കെടുത്ത പാക്വിറ്റയ്ക്ക് പിഴച്ചില്ല. ബ്രസീൽ താരങ്ങളുടെ ആഘോഷങ്ങൾക്ക് പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങി.

കളി തുടങ്ങി പതിനൊന്നാം മിനിട്ടിൽ വന്ന ആദ്യ പെനൽറ്റി റോഡ്രി ഗോളാക്കിയതോടെ സ്പെയിൻ മുന്നിലെത്തി. 36-ാം മിനിറ്റിൽ ഒൽമോയിലൂടെ രണ്ടാം ഗോൾ. നാൽപ്പതാം മിനിറ്റിൽ സ്പെയിന്‍ ഗോള്‍ കീപ്പറുടെ ഭീമാബദ്ധത്തില്‍ നിന്ന് ദാനമായി കിട്ടിയ പന്തില്‍ റോഡ്രിഗോയിലൂടെ ബ്രസീലിന്‍റെ ആശ്വാസ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്തില്‍ മനോഹരമായൊരു വോളിയിലൂടെ എൻഡ്രിച്ച് ബ്രസീലിനെ ഒപ്പമെത്തിച്ചെങ്കിലും 85 ആം മിനിട്ടിൽ കാര്‍വജാളിലെ ബെര്‍ലാഡോ ബോക്സില്‍ വീഴ്ത്തിയതിന് വീണ് കിട്ടിയ പെനൽറ്റിയിലൂടെ റോഡ്രി വീണ്ടും ബ്രസീൽ വല കുലുക്കി.

ശക്തമായി തിരിച്ചുവന്ന ബ്രസീൽ 95-ാം മിനിറ്റില്‍ കാര്‍വജാൾ ഗലേനോയെ ബോക്സില്‍ വീഴ്ത്തിയതിന് അവസാന മിനിട്ടിൽ ലഭിച്ച പെനല്‍റ്റി ലക്ഷ്യം തെറ്റാതെ ഗോളാക്കി തിരിച്ചടിച്ചതോടെ വംശീയതയ്ക്ക് കളിക്കളത്തിൽ ഇടമില്ലെന്ന് പ്രഖ്യാപിച്ച് നടന്ന വാശിയേറിയ പേരാട്ടം സമനിലയിൽ കലാശിച്ചു. റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയർ സ്പെയ്നിൽ തുട‍ർച്ചയായി വംശീയ അധിക്ഷേപത്തിന് വിധേയനാവുന്ന പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളിലെയും ഫുട്ബോൾ ഫെഡറേഷനുകൾ സൗഹൃദ മത്സരവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *