കോണ്‍ഗ്രസിന് അമേഠിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഭയം; അതാണ് പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി 

അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസിനെ കളിയാക്കി സ്മൃതി ഇറാനി ​രം​ഗത്ത്. ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും അതാണ് പ്രഖ്യാപനം വൈകുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. ടൈംസ് നൗ തിരഞ്ഞെടുപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അമേഠിയിലെ നിലവിലെ എം.പി കൂടിയായ സ്മൃതി ഇറാനി. അമേഠിയില്‍ ആരെവേണമെങ്കിലും കോണ്‍ഗ്രസിന് തീരുമാനിക്കാം. ഇത് ആദ്യമായാണ് ഇത്രയും വൈകുന്നതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.

ബി.ജെ.പിക്ക് ഇത്തവണ നാനൂറ് സീറ്റ് ലഭിക്കും. അതില്‍ ഒന്ന് റെക്കോര്‍ഡ് വിജയത്തോടെ അമേഠിയിലായിരിക്കും. ഇത് വെറുതെ പറയുന്നതല്ല. അമേഠിക്കാര്‍ക്ക് കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, നാല് ലക്ഷം കുടുംബങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ചുനല്‍കി, 12 ലക്ഷം ജനങ്ങള്‍ക്ക് പൈപ്പ് വെള്ളമെത്തിച്ചു. പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മിച്ചു. പഴയവ പൂര്‍ണ സജ്ജമാക്കാനും കഴിഞ്ഞു, 13,000 വനിതകള്‍ ‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഭാഗമായി മാറിയെന്നും സ്മൃതി ഇറാനി പറഞ്ഞു. ഗാന്ധിമാരോ കോണ്‍ഗ്രസോ ആണ് അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ അയോധ്യ ഒരിക്കലും യാഥാര്‍ഥ്യമാകുമായിരുന്നില്ല. അവര്‍ അധികാരത്തിലിരുന്നപ്പോഴൊക്കെ അയോധ്യയെ അവഗണിക്കുകയായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *