ലോകത്തെ ഏറ്റവും വലിയ ഇൻഡോർ മറൈൻ തീം പാർക്ക് എന്ന ഗിന്നസ് റെക്കോർഡ് സീവേൾഡ് സ്വന്തമാക്കി

ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അബുദാബി യാസ് ഐലൻഡിലെ സീവേൾഡ് സ്വന്തമാക്കി.ഈ ഗിന്നസ് റെക്കോർഡ് നേട്ടവുമായി ബന്ധപ്പെട്ട ഔദ്യോഗിക സർട്ടിഫിക്കറ്റ് മിറാൾ ഗ്രൂപ്പ് സി ഇ ഓ മുഹമ്മദ് അബ്ദള്ള അൽ സാബി ഏറ്റുവാങ്ങി.അഞ്ച് ഇൻഡോർ ലെവലുകളിൽ ഏതാണ്ട് 183000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള സീവേൾഡ് ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയതിൽ ഏറെ അഭിമാനമുണ്ടെന്ന് സീവേൾഡ് യാസ് ഐലൻഡ്, അബുദാബി ജനറൽ മാനേജർ തോമസ് കാഫെർലെ അറിയിച്ചു.

2023 മെയ് 20-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യാസ് ഐലൻഡിലെ സീവേൾഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.ലോകത്തെ തന്നെ ഏറ്റവും വലിയ അക്വേറിയം സ്ഥിതി ചെയ്യുന്ന ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം അബുദാബിയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്കനുസൃതമായാണ് നിർമ്മിച്ചിരിക്കുന്നത്. മേഖലയിലെ കടൽ ജീവികളുടെ സംരക്ഷണം, കടൽ ആവാസവ്യവസ്ഥകളുടെയും, വാസസ്ഥലങ്ങളുടെയും സംരക്ഷണം, സമുദ്ര ആവാസവ്യവസ്ഥയിലെ ജൈവവൈവിദ്ധ്യത്തിന്റെ വര്‍ദ്ധനവ്‌ എന്നിവ ലക്ഷ്യമിട്ടാണ് ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

സീവേൾഡ് പാർക്സ് ആൻഡ് എന്റർടൈമെന്റ്, മിറാൾ എന്നിവർ സംയോജിച്ചാണ് യാസ് ഐലൻഡിലെ സീവേൾഡ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സന്ദർശകർക്ക് സമുദ്രജലജീവികളെ അടുത്തറിയുന്നതിനും, അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനുമൊപ്പം, വിനോദം, ആഘോഷങ്ങൾ, ഭക്ഷണാനുഭവങ്ങൾ, ഷോപ്പിംഗ് എന്നിവയും ആസ്വദിക്കുന്നതിന് സീവേൾഡ് അവസരമൊരുക്കുന്നു. സന്ദർശകർക്ക് സമുദ്ര ആവാസവ്യവസ്ഥ, കടൽ ജീവികൾ എന്നിവ അടുത്തറിയുന്നതിനായി സീവേൾഡ് പാർക്കിനെ അബുദാബി ഓഷ്യൻ, വൺ ഓഷ്യൻ, മൈക്രോ ഓഷ്യൻ, എൻഡ്‌ലെസ്സ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ്, പോളാർ ഓഷ്യൻ എന്നിങ്ങനെ വിവിധ മേഖലകളാക്കി തിരിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *