ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല ; വിരമിക്കാൻ പ്രായം നിർണായക ഘടകമല്ലെന്നും ലയണൽ മെസി

ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിരമിക്കലില്‍ പ്രായം നിര്‍ണായക ഘടകമാകില്ലെന്നും സൂപ്പര്‍ താരം ലയണല്‍ മെസി. ടീമിനായി സംഭാവന ചെയ്യാന്‍ കഴിയുന്നില്ലെന്ന് തോന്നുമ്പോള്‍, അല്ലെങ്കില്‍ കളി ആസ്വദിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമെ കരിയര്‍ അവസാനിപ്പിക്കുകയുള്ളൂവെന്നും മെസി പറഞ്ഞു.

”ഞാന്‍ മികച്ച പ്രകടനം നടത്തുന്നില്ലെന്ന് എനിക്ക് തോന്നുന്ന നിമിഷം, ഞാന്‍ അത് ആസ്വദിക്കുകയോ, എന്റെ ടീമംഗങ്ങളെ സഹായിക്കുകയോ ചെയ്യുന്നില്ല എന്ന് തോന്നുന്ന നിമിഷം വിരമിക്കും” ബിഗ് ടൈം പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.

”ഞാന്‍ ഒരു ആത്മവിമര്‍ശകനാണ്, ഞാന്‍ നന്നായി കളിക്കുമ്പോള്‍, അല്ലെങ്കില്‍ മോശമായി കളിക്കുമ്പോള്‍ എനിക്കറിയാം. ആ ചുവടുവെപ്പിന് സമയമായി എന്ന് എനിക്ക് തോന്നുമ്പോള്‍, പ്രായത്തെക്കുറിച്ച് ചിന്തിക്കാതെ ഞാന്‍ അത് ചെയ്യും. സാഹചര്യങ്ങള്‍ മോശമെന്ന് തോന്നുന്നുവെങ്കില്‍, ഞാന്‍ പൊരുതും, കാരണം എനിക്കിത് ഇഷ്ടമാണ്, എന്ത് ചെയ്യണമെന്നും അറിയാം”

2022 ഖത്തര്‍ ലോകകപ്പ് കിരീടത്തിലേക്ക് അര്‍ജന്റീനയെ നയിച്ചതിന് ശേഷം, ഫുട്‌ബോളില്‍ താന്‍ പ്രതീക്ഷിച്ചതെല്ലാം നേടിയെന്ന് മെസി പറഞ്ഞു. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ, ഓരോ ദിവസവും, ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കും. കുറച്ചുകാലം കൂടി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇതാണ് താന്‍ ആസ്വദിക്കുന്നത്. സമയം വരുമ്പോള്‍ ഇഷ്ടപ്പെടുന്ന പുതിയ വേഷം തീര്‍ച്ചയായും കണ്ടെത്തും- മെസി പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ പിഎസ്ജിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറില്‍ ഇന്റര്‍ മയാമിയില്‍ എത്തിയ മെസി ഇതുവരെ 19 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും ഏഴ് അസിസ്റ്റുകളുടെയും ഭാഗമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *