സിദ്ധാർത്ഥന്റെ മാതാപിതാക്കളെ സന്ദർശിച്ച് പൂക്കോട് വെറ്ററിനറി കോളജിലെ പുതിയ വിസി ഡോ.കെ.എസ് അനിൽ

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാര്‍ത്ഥന്‍റെ നെടുമാങ്ങാട്ടുള്ള വീട്ടിലാണ് വിസി എത്തിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും കെഎസ് അനില്‍ പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റാഗിങ് പോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങൾ കമ്മീഷന്‍റെ പരിധിയിലാണ് വരുന്നത്. വൈസ് ചാൻസിലർ ഓഫീസിലെ എല്ലാവരും പുതിയതാണെന്നും കെഎസ് അനില്‍ പറഞ്ഞു. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് വൈസ് ചാന്‍സിലറോട് കാര്യങ്ങള്‍ വിശദീകരിച്ചു. പുതിയ വിസിയോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. പുതിയ വിസിയിൽ പ്രതീക്ഷയുണ്ടെന്നും ആശങ്കയെല്ലാം അറിയിച്ചിട്ടുണ്ടെന്നും നീതിപൂർവമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *