ഇന്ത്യയിൽ ബിജെപി നടത്തുന്നത് നികുതി ഭീകരത; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിനെ സാമ്പത്തികമായി തകർക്കുകയാണ്. ബി.ജെ.പിയിൽ നിന്ന് ആദായനികുതി വകുപ്പ് 4,600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്. ആദായ നികുതി പുനർനിർണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്. 017-21 കാലയളവിലെ ആദായ നികുതി പുനർനിർണയ നീക്കത്തിനെതിരായ കോൺഗ്രസിന്‍റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടീസ്. പിഴയും പലിശയുമായി 1700 കോടി രൂപ അടയ്ക്കണം. നേരത്തെ 2014- 17 കാലയളവിലെ 100 കോടി രൂപ അടയ്ക്കണമെന്ന നോട്ടീസ് കോൺഗ്രസിന് ലഭിച്ചിരുന്നു.

ഇതിനെതിരെ നൽകിയ ഹരജി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഇൻകം ടാക്സ് നടപടി കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കോൺഗ്രസിനെ പാപ്പരാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. നാളെയും മറ്റന്നാളുമായി രാജ്യവ്യപക പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. ഞായറാഴ്ച രാംലീല മൈതാനിയിൽ ഇൻഡ്യാ മുന്നണിയുടെ മഹാറാലി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *