‍ഡൽഹിയിൽ ഇന്ത്യാ സഖ്യത്തിന്റെ ശക്തിപ്രകടനം; കേജ്‌രിവാളിന്റെ ആറ് സന്ദേശങ്ങൾ വായിച്ച് ഭാര്യ

കേന്ദ്ര സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അണി നിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. വേദിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ ആറ് സന്ദേശങ്ങൾ ഭാര്യ സുനിത കേജ്‌രിവാൾ വായിച്ചു. ഒരു കാരണവുമില്ലാതെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അരവിന്ദ് കേ‌ജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുന്നതെന്നും നീതിവേണമെന്നും സുനിത ആവശ്യപ്പെട്ടു.

ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും കേജ്‌രിവാളിന്റെ ചിന്ത രാജ്യത്തെക്കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറുംവാക്കല്ല. ഹൃദയമാണ്, ആത്മാവാണ്. നരേന്ദ്രമോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ സന്ദേശമെന്ന് സുനിത വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉദ്ദവ് താക്കറെ. ബി ജെ പിയുടെ മൂന്ന് സഖ്യകക്ഷികളാണ് ഇഡിയും, സിബിഐ യും,ആദായ നികുതി വകുപ്പും. ഒരു സർക്കാരിനും ഏകാധിപത്യ നടപടികൾ ഏറെക്കാലം തുടരാനാവില്ല. അഴിമതിക്കാരായ നേതാക്കൾ ബി ജെ പിയിൽ ചേരുന്നു. വാഷിംഗ് മെഷീൻ്റെ പണിയെടുത്ത് ബിജെപി അവരെ വെളുപ്പിക്കുന്നു. കർഷകരെ തീവ്രവാദികളാക്കുന്ന സർക്കാരാണിത്. ഏകാധിപത്യ സർക്കാരിനെ പുറത്താക്കും. ഇനിയൊരിക്കലും ഇവർ അധികാരത്തിൽ തിരികെ വരാൻ പാടില്ല. ഒരു കാരണവുമില്ലാതെ നേതാക്കളെ ജയിലിലിടുന്നുവെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *