കാഴ്ചകൾ കണ്ട് മടങ്ങിയെത്താൻ വൈകി; വിനോദ സഞ്ചാരികളെ ദ്വീപിൽ ഉപേക്ഷിച്ച് മടങ്ങി ആഡംബര ക്രൂയിസ് കപ്പൽ

കുഞ്ഞ് പിറക്കും മുൻപുള്ള അവധി ആഘോഷത്തിന് പോയ ദമ്പതികൾ അടക്കം എട്ട് വിനോദ സഞ്ചാരികൾക്ക് എട്ടിന്റെ പണി കൊടുത്ത് ക്രൂയിസ് കപ്പലിന്റെ ക്യാപ്റ്റൻ. ആഡംബര ക്രൂയിസിൽ ആഫ്രിക്കയും സ്പെയിനുമെല്ലാം കാണാനിറങ്ങിയ സഞ്ചാരികളാണ് മധ്യ ആഫ്രിക്കയിലെ ചെറു ദ്വീപിൽ കുടുങ്ങിയത്. നോർവേ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഡംബര കപ്പലിലെ യാത്രക്കാരാണ് സാവോ ടോമേ എന്ന് ദ്വീപ് സന്ദർശനത്തിനിടെ പണി മേടിച്ചത്.

ദ്വീപ് സന്ദർശിച്ച് കപ്പലിലേക്ക് മടങ്ങി എത്താൻ നൽകിയിരുന്ന സമയം കഴിഞ്ഞിട്ടും യാത്രക്കാർ മടങ്ങി എത്താതിരുന്നതോടെ ക്യാപ്ടൻ കപ്പലുമായി യാത്ര തുടരുകയായിരുന്നു. അമേരിക്കൻ സ്വദേശികളായ ആറുപേരും രണ്ട് ഓസ്ട്രേലിയൻ സ്വദേശിയുമാണ് ദ്വീപിൽ കുടുങ്ങിയത്. തുറമുഖത്ത് എത്തി കപ്പലുമായി ബന്ധപ്പെട്ടപ്പോഴാണ് യാത്രാ രേഖകൾ പോലുമില്ലാതെ ദ്വീപിൽ കുടുങ്ങിയ വിവരം ഇവരറിയുന്നത്. കപ്പലുമായി ബന്ധപ്പെട്ടതോടെ നങ്കൂരമിട്ട സ്ഥലത്ത് നിന്ന് ഏറെ അകലെയല്ല കപ്പലെന്ന് വ്യക്തമായിരുന്നു. എന്നാൽ പിന്നിലായിപ്പോയ യാത്രക്കാർക്കായി ചെറു ബോട്ടുകൾ പോലും ദ്വീപിലേക്ക് അയക്കാൻ ക്യാപ്ടൻ തയ്യാറായില്ലെന്ന് മാത്രമല്ല. സ്വന്തം കാശുമുടക്കി അടുത്ത തുറമുഖത്തേക്ക് എത്തിക്കോളാൻ നിർദ്ദേശവും യാത്രക്കാർക്ക് നൽകാൻ ക്യാപ്റ്റൻ മടിച്ചില്ല.

കൃത്യ സമയത്ത് മടങ്ങി എത്താൻ കഴിയാതിരുന്നത് ഒപ്പമുണ്ടായിരുന്ന ഗൈഡ് മൂലമെന്നാണ് സഞ്ചാരികൾ പറയുന്നത്. ഒടുവിൽ എംബസികളുടെ സഹായത്തോടെ 15 മണിക്കൂർ കൊണ്ട് ആറ് ആഫ്രിക്കൻ രാജ്യങ്ങളിലൂടെ കപ്പൽ അടുക്കാനിരുന്ന തുറമുഖത്ത് എത്തിയ യാത്രക്കാർക്ക് നിരാശയായിരുന്നു ഫലം. വേലിയിറക്ക സമയം ആയിരുന്നതിനാൽ നങ്കൂരമിടാൻ സാധിക്കാതെ കപ്പൽ അടുത്ത തുറമുഖത്തേക്ക് പോവുകയായിരുന്നു. അടുത്ത തുറമുഖമായ സെനഗലിലേക്ക് പോകാനൊരുങ്ങുകയാണ് ഈ സഞ്ചാരികൾ. ഗർഭിണിയായ ഒരു യുവതിയും ഹൃദയ സംബന്ധിയായ തകരാറുകൾക്ക് മരുന്ന് കഴിക്കുന്ന ഒരാളുമാണ് സംഘത്തിലുള്ളത്.

ദ്വീപ് സന്ദർശനത്തിനിറങ്ങിയപ്പോൾ എല്ലാ യാത്രാ രേഖകളും ഇവർ ഒപ്പമെടുത്തിരുന്നില്ല. ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഒപ്പമുണ്ടായിരുന്ന ഒരാളുടെ കയ്യിൽ പണമുണ്ടായിരുന്നതാണ് യാത്രക്കാർക്ക് ആകെയുള്ള പിടിവള്ളി. തിരികെ കപ്പലിൽ കയറി നാട്ടിലെത്തിയ ശേഷം ക്യാപ്റ്റനെതിരേയും നോർവേ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൂയിസിനെതിരേയും നിയമ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് സഞ്ചാരികൾ.

Leave a Reply

Your email address will not be published. Required fields are marked *