കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കനത്ത തിരിച്ചടിയേകി കോൺഗ്രസ് വക്താവും പ്രമുഖ നേതാവുമായ പ്രഫ. ഗൗരവ് വല്ലഭ് പാർട്ടിയിൽനിന്ന് രാജിവച്ചു. ധനകാര്യ, സാമ്പത്തിക വിഷയങ്ങളിൽ കോൺഗ്രസിനെ ചാനൽ ചർച്ചകളിൽ നയിച്ചിരുന്നയാളാണ് ഗൗരവ് വല്ലഭ്. പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് രാജിക്കത്തിൽ ഗൗരവ് വ്യക്തമാക്കുന്നു. 

ജാതി സെൻസസ് പോലുള്ളവ അംഗീകരിക്കാനാകില്ലെന്നും സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാനാകില്ലെന്നും കത്തിൽ പറയുന്നു. ‘‘കോൺഗ്രസിന്റെ ദിശാബോധമില്ലായ്മയിൽ അതൃപ്തിയുണ്ട്. സനാതന വിരുദ്ധ മദ്രാവാക്യങ്ങൾ വിളിക്കാനോ രാജ്യത്തിന്റെ ധനം വർധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ താൽപര്യമില്ല. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും രാജിവയ്ക്കുന്നു’’ – ഗൗരവ് എക്സിൽ കുറിച്ചു. 

2023ൽ രാജസ്ഥാനിലെ ഉദയ്‌പുരിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചിരുന്നെങ്കിലും ബിജെപിയോട് 32,000ൽപരം വോട്ടുകൾക്കു പരാജയപ്പെട്ടു. വല്ലഭിന് 64,695 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിയുടെ താരാചന്ദ് ജെയ്ന് 97,466 വോട്ടുകളാണ് ലഭിച്ചത്. ബോക്സർ വിജേന്ദർ സിങ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് വല്ലഭിന്റെ രാജിയും വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *