മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ചു. മനീഷ് സിസോദിയയെയും അറസ്റ്റിലായ മറ്റ് പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടി. ഡൽഹി റൂസ് അവന്യൂ കോടതിയുടെതാണ് നടപടി. 2021-22 ലെ ഡൽഹി മദ്യ നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിഹാർ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയയെ ഇന്ന് രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്.

2023ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *