അമേരിക്കയില്‍ പുതുതായി കണ്ടെത്തിയ എച്ച്5എൻ1 വകഭേദം മനുഷ്യകുലത്തിനു ഭീഷണിയാകുമോ..? എച്ച്5എൻ1-ന് കോവിഡിനേക്കാള്‍ പതിന്മടങ്ങു ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മാരകപ്രഹരശേഷിയുള്ള പക്ഷിപ്പനി ലോകത്തു പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പു നൽകുകയാണ് ആരോഗ്യ വിദഗ്ധർ. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയം വേണ്ടെന്നും വിദഗ്ധർ ആശങ്ക രേഖപ്പെടുത്തി.
പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തില്‍ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്. ടെക്സാസിലെ പാല് ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരനു രോഗം ബാധിച്ചതോടെയാണ് അതിവേഗം പരിണമിക്കുന്ന വൈറസിനെക്കുറിച്ച് ലോകം അറിയുന്നത്.
അമേരിക്കയിലെ ആറ് സ്റ്റേറ്റുകളിലായി നിരവധി കാലികളും പൂച്ചകളും വൈറസ് ബാധയേറ്റു ചത്തതായാണു കണക്ക്. എന്നാൽ മനുഷ്യനില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമായാണ്. വൈറസിന് കോവിഡ് വൈറസിനേക്കാളും പ്രജനന നിരക്ക് വളരെ കൂടുതലാണ്, ഇത് രോഗത്തെ കൊവിഡിനേക്കാള്‍ നൂറ് മടങ്ങ് അപകടകാരിയാക്കുമെന്നാണ് ആശങ്ക.