മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു നഷ്ടപ്പെട്ട 11 രേഖകളും വിചാരണക്കോടതി കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു. ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ തയാറാക്കി സമർപ്പിച്ച മുഴുവൻ രേഖകളും പ്രതിഭാഗം പരിശോധിച്ചു ബോധ്യപ്പെട്ട ശേഷമാണു സ്വീകരിച്ചത്.
കുറ്റപത്രം അടക്കമുള്ള 11 രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ സമാന്തര അന്വേഷണം നടക്കുന്നുണ്ട്. കേസ് പ്രാഥമിക വാദത്തിനായി മേയ് 27നു വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണു വാദം കേൾക്കുന്നത്.