തമിഴ്‌നാട്ടിൽ മോദിക്കെതിരെ ‘ജി പേ’ പോസ്റ്റുകൾ

 തമിഴ്‌നാട്ടിൽ പ്രധാനന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും വ്യാപക പോസ്റ്ററുകൾ. തമിഴ്‌നാട്ടിൽ മോദിയുടെ ലോക്‌സഭാ പ്രചാരണത്തിന് പിന്നാലെയാണ് ക്യൂ ആർ കോഡടങ്ങിയ പോസ്റ്റർ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾക്ക് മുകളിൽ മോദിയുടെ ഫോട്ടോയും ക്യു ആർ കോഡും കാണാം.

‘സ്‌കാൻ ചെയ്യൂ,സ്‌കാം കാണാം (സ്കാന്‍ ചെയ്യൂ,അഴിമതി കാണാം) ‘ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ബി.ജെ.പി സര്‍ക്കാറിന്‍റെ വിവിധ അഴിമതികളെക്കുറിച്ചുള്ള വീഡിയോയിലേക്കാണ് പോകുന്നത്. ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പി നടത്തിയ അഴിമതികൾ,സി.എ.ജി റിപ്പോർട്ടിലെ ക്രമക്കേടുകൾ, ബി.ജെ.പി സർക്കാർ കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപകളുടെ വായ്പകൾ എഴുതിത്തള്ളിയതിനെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന വീഡിയോയാണിത്.

അതേസമയം, രാഷ്ട്രീയ പാർട്ടിയോ സംഘടനയോ വ്യക്തികളോ പോസ്റ്ററുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇലക്ടറൽ ബോണ്ട് അഴിമതിയെക്കുറിച്ച് ഡിഎംകെ നിരന്തരം കുറ്റപ്പെടുത്തുന്നതിനാൽ പാർട്ടിയോ അവരുടെ അനുയായികളോ ആവാം പോസ്റ്റർ പതിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെല്ലൂരിൽ നടന്ന റാലിയിൽ മോദി ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിഎംകെയും സഖ്യകക്ഷിയായ കോൺഗ്രസും പൊതുക്ഷേമത്തേക്കാൾ കുടുംബ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാൻ കോൺഗ്രസും ഡിഎംകെയും മുന്നിൽ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *