സിദ്ധാർത്ഥൻറെ മരണം; ഹോസ്റ്റലിലെ ശുചിമുറിയിൽ ഡമ്മി പരിശോധനയുമായി സിബിഐ

വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു.

ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തി. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു.

കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. സിദ്ധാർത്ഥന്റെ അച്ഛന്റെ മൊഴിയെടുപ്പ് കഴിഞ്ഞു. വിദ്യാർത്ഥികളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സിബിഐ ക്യാമ്പസിലെത്തി പല പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *