‘ബിജെപിയുടേത് നുണ പ്രചാരണ പത്രിക’ ; വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ

ബി.ജെ.പി പ്രകടനപത്രികയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബി.ജെ.പിയുടെ നുണപ്രചാരണം മാത്രമാണ് പ്രകടനപത്രിക എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയെ കുറിച്ച് ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നില്ലെന്നും ഇത്തവണ മോദിയുടെ കെണിയില്‍ യുവാക്കള്‍ വീഴില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായെന്ന് ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചു. ബി.ജെ.പിയുടേത് തട്ടിപ്പ് പ്രകടനപത്രികയെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. യുവാക്കള്‍ തൊഴിലില്ലായ്മ മൂലം വലയുന്നു എന്ന് ഡല്‍ഹി മന്ത്രി അതിഷി വിമര്‍ശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്ള ബി.ജെ.പി പ്രകടനപത്രിക പുറത്തുവന്നതിന് പിന്നാലെ അതിരൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ 10 വര്‍ഷം വാഗ്ദാനങ്ങള്‍ പലതും നല്‍കിയതല്ലാതെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പിയുടെ നുണ പ്രചാരണം മാത്രമാണ് പ്രകടനപത്രിക എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ആര്‍.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിലൂന്നിയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും രാജ്യത്തെ വിഭജിക്കാനാണു ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *