സൗദിയിലെ വീടുകളിൽ പരമ്പരാഗത സുഗന്ധദ്രവ്യങ്ങൾ അമിതമായി പുകക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റി. ഇത്തരം പുക ശ്വസിക്കുന്നത് മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്റെ അളവ് കുറക്കുമെന്നും ഇത് തലവേദനക്കും ചെന്നിക്കുത്തിനും കാരണമാകുമെന്നുമാണ് റിപ്പോർട്ട്. കൂടാതെ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അലർജിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമുള്ളവർക്കാണ് അപകടസാധ്യത കൂടുതൽ.
സുഗന്ധ ദ്രവ്യങ്ങളിലടങ്ങിയ വിഷവസ്തുക്കൾ വായു മലിനീകരണത്തിനും കാരണമാകും. ധൂപം കത്തിക്കുന്നത് രാജ്യത്തെ സാംസ്കാരിക പാരമ്പര്യമാണെങ്കിലും അതിന്റെ ആരോഗ്യ അപകടങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധിതൃതർ മുന്നറിയിപ്പ് നൽകി.